
തിരുവനന്തപുരം: വി.ഡി. സതീശൻ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ ഇന്ന് അധികാരത്തിൽ ആറുമാസം പൂർത്തിയാക്കുന്നു. പ്രിയദർശിനി പദ്ധതി, ഓപ്പറേഷൻ തൂഫാൻ, പ്രത്യേക വയോജന വകുപ്പ് രൂപീകരണം എന്നിവയാണ് ആദ്യ ആറുമാസത്തെ പ്രധാന ഭരണനേട്ടങ്ങളായി വിലയിരുത്തപ്പെടുന്നത്. അതേസമയം, തുടർച്ചയായുണ്ടാകുന്ന രാഷ്ട്രീയ വിവാദങ്ങളും മുന്നണിക്കുള്ളിലെ ഭിന്നതകളും സർക്കാരിന് കടുത്ത വെല്ലുവിളിയാകുന്നുണ്ട്.
നടപ്പാകാത്ത വാഗ്ദാനങ്ങളും മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങളും പ്രധാന പ്രഖ്യാപനങ്ങളായിരുന്ന ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി, കോളേജ് വിദ്യാർഥിനികൾക്കുള്ള സാമ്പത്തിക സഹായം എന്നിവ ഇതുവരെ പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ലെന്ന വിമർശനം നിലനിൽക്കുന്നുണ്ട്. ഇതിനുപുറമെ, മുന്നണിയിലും മന്ത്രിസഭയിലും മതിയായ കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതി ഒരു വിഭാഗം മന്ത്രിമാർ തന്നെ ഉയർത്തുന്നത് അസാധാരണ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള അംഗങ്ങളുടെ നിയമന പട്ടികയിൽ ഒരു വിഭാഗം മന്ത്രിമാർ ഒപ്പിടാൻ വിസമ്മതിച്ചത് ഭരണമുന്നണിയിൽ വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിലും മന്ത്രിമാർ ഈ വിഷയം ഉന്നയിക്കുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
പ്രതിപക്ഷ ആരോപണങ്ങളും വിവാദ തീരുമാനങ്ങളും വിവാദമായ വൈദ്യുതി കരാറുകൾ സർക്കാരിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു.
ഇതിനിടെ, സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിലും മന്ത്രിമാർക്കായി 24 പുതിയ കാറുകൾ വാങ്ങാനുള്ള തീരുമാനവും, എംഎൽഎമാർക്കും മന്ത്രിമാർക്കും ശമ്പളം വർധിപ്പിച്ചതും, ഐപാഡുകൾ വാങ്ങിയതും പൊതുസമൂഹത്തിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.