
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ഒപ്പുവെച്ച രണ്ട് വൈദ്യുതി കരാറുകളിലും നടന്ന കോടികളുടെ അഴിമതിയെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വി ഇ എച്ച് (VEH) ഗ്ലോബൽ ഇന്ത്യയുമായി 200 മെഗാവാട്ടും ഹിമാചൽ പ്രദേശിൽ നിന്ന് 900 മെഗാവാട്ടും വൈദ്യുതി വാങ്ങിയതിൽ വൻ അഴിമതി നടന്നതായി പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നുവെന്ന് സിപിഎം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കുറഞ്ഞ നിരക്കിൽ ലഭ്യമാകേണ്ട കാറ്റാടി വൈദ്യുതി വി ഇ എച്ച് ഗ്ലോബൽ ഇന്ത്യയിൽ നിന്ന് യൂണിറ്റിന് 11 രൂപ എന്ന ഇരട്ടിയിലധികം നിരക്കിലാണ് വാങ്ങിയത്.ഹിമാചലിൽ നിന്നുള്ള വൈദ്യുതിയാകട്ടെ എനർജി എക്സ്ചേഞ്ചിലെ നിരക്കിനേക്കാൾ ഉയർന്ന തുകയ്ക്കുമാണ് വാങ്ങിയിരിക്കുന്നത്.ഒക്ടോബർ മാസത്തിൽ മാത്രം കരാർ പ്രകാരം 282 കോടി രൂപയുടെ വൈദ്യുതിയാണ് കെഎസ്ഇബി വാങ്ങിയത്. സർക്കാരിനെ സാധാരണയായി പിന്തുണയ്ക്കുന്ന മാധ്യമങ്ങൾ പോലും ഈ രണ്ട് കരാറുകളും വഴി ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ടെൻഡർ നടപടികളോ, റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ, നിയമ-ധന വകുപ്പുകളുടെ പരിശോധനയോ ഇല്ലാതെ മുഖ്യമന്ത്രി നേരിട്ടാണ് ഫയലിൽ അതിവേഗം ഉത്തരവ് നൽകിയത്.വിവിധ വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈവശം വെച്ചത് അഴിമതി നടത്താനാണെന്ന മുൻപത്തെ സംശയം ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സർക്കാർ അധികാരത്തിലെത്തി ആറ് മാസം തികയുന്നതിന് മുമ്പ് തന്നെ ഗുരുതരമായ അഴിമതി ആരോപണമാണ് ഉയർന്നിരിക്കുന്നത്. ജി എൻ എ (GNA) കമ്പനിയുമായി കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും പിന്നെ എന്ത് അഴിമതി എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മുൻപത്തെ ചോദ്യം.
എന്നാൽ ഒക്ടോബറിലെ രണ്ട് കരാറുകൾ പ്രകാരം ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ നേതൃത്വം നൽകിയത് മുഖ്യമന്ത്രി തന്നെയാണെന്നും സിപിഎം ആരോപിച്ചു. സമഗ്രമായ ജുഡീഷ്യൽ അന്വേഷണത്തിലൂടെ സത്യം ജനങ്ങളെ അറിയിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.