Banner Ads

തിരൂരങ്ങാടിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ; കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

മലപ്പുറം: തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച ദാരുണ സംഭവത്തിൽ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ സൂപ്പർവൈസറി വീഴ്ചയെത്തുടർന്ന് കെഎസ്ഇബി വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉത്തരവാദികളായ മറ്റ് ജീവനക്കാർക്കെതിരെയും ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

അപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കാൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് നിർദേശം നൽകി. വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും കെഎസ്ഇബി ജീവനക്കാർ അടിയന്തരമായി പട്രോളിംഗ് നടത്തി പരിശോധിക്കും.

സുരക്ഷാ പരിശോധനാ ഡ്രൈവിന്റെ ഭാഗമായി അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷാ ഓഡിറ്റ് നടത്താനും കണ്ടെത്തുന്ന വീഴ്ചകൾ അടിയന്തരമായി പരിഹരിക്കാനും മന്ത്രി നിർദ്ദേശിച്ചു.സംഭവത്തെക്കുറിച്ചുള്ള നിയമപരമായ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.പൊതുജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വൈദ്യുതി വിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ബോർഡ് ഉറപ്പുവരുത്തുമെന്നും മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.