Banner Ads

യാത്രയ്ക്കിടെ സ്ത്രീകളുടെ ബാഗിൽ നിന്ന് പേഴ്‌സും പണവും മോഷ്ടിക്കുന്ന 19-കാരി തിരൂരിൽ പിടിയിൽ

മലപ്പുറം: യാത്രയ്ക്കിടെ സ്ത്രീകളുടെ ബാഗിൽ നിന്ന് പേഴ്‌സും പണവും മോഷ്ടിക്കുന്ന യുവതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശി ദേവിക സുധീഷ് (19) ആണ് പിടിയിലായത്. തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി തിരൂർ റെയിൽവേ സ്റ്റേഷനിൽ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്ന് റെയിൽവേ പോലീസ് തിരൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ തിരൂർ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

വിശദമായ പരിശോധനയിൽ ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും താമസിക്കുന്ന മുറിയിൽ നിന്നും നിരവധി പേഴ്‌സുകൾ കണ്ടെത്തി. ഇവ മോഷണത്തിലൂടെ കൈക്കലാക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം.തിരക്കുള്ള പൊതുഗതാഗത കേന്ദ്രങ്ങളിൽ യാത്രക്കാരായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് പ്രതി മോഷണം നടത്തിയിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

തിരക്കിനിടയിൽ യാത്രക്കാരുടെ ശ്രദ്ധ മാറുന്ന സമയം ഉപയോഗപ്പെടുത്തി ബാഗുകളിൽ നിന്ന് പണവും പേഴ്‌സും കൈക്കലാക്കുന്നതായിരുന്നു ഇവരുടെ രീതി.പൊന്നാനിയിൽ നടന്ന സമാനമായ മോഷണക്കേസിലും യുവതിക്ക് പങ്കുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.