Banner Ads

മാവേലിക്കരയിൽ ക്രൂരത; മദ്യപിച്ചെത്തിയ രണ്ടാനച്ഛൻ ഒരു വയസ്സുകാരിയെ തറയിലടിച്ചു കൊന്നു, അസം സ്വദേശി അറസ്റ്റിൽ

മാവേലിക്കര: മാവേലിക്കര മാങ്കാംകുഴിയിൽ മദ്യപിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളി ഒരു വയസ്സുള്ള പെൺകുഞ്ഞിനെ തറയിലടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ കുഞ്ഞിന്റെ രണ്ടാനച്ഛനായ അസം ഗുവാഹത്തി സ്വദേശി പരിതോഷ് മൊണ്ടേലിനെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ ഇന്നലെ രാത്രി പത്തരയോടെയാണ് പരിതോഷ് മൊണ്ടേലും ഇയാൾക്കൊപ്പം താമസിക്കുന്ന റോണ്ട് വാലി എന്ന സ്ത്രീയും ഒരു വയസ്സുള്ള ദീപികയുടെ മൃതദേഹവുമായി മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിയത്.

അപകടമരണമാണെന്ന് വരുത്തിത്തീർത്ത് കൊലപാതകം മറച്ചുവെക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ പരിശോധിച്ചപ്പോൾ ശരീരത്തിൽ സംശയകരമായ പാടുകൾ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഡോക്ടർ ഉടൻതന്നെ കുറത്തികാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പോലീസ് ഇരുവരെയും സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.ഇന്നലെ രാത്രി പത്തുമണിയോടെ മദ്യപിച്ചെത്തിയ പരിതോഷ് റോണ്ട് വാലിയുമായി വഴക്കുണ്ടാക്കി.

തുടർന്ന് ഇവരുടെ മടിയിലിരുന്ന ഇളയ മകൾ ദീപികയെ പിടിച്ചുവാങ്ങി മുറിക്കുള്ളിൽ വെച്ച് നിലത്തേക്ക് വലിച്ചെറിയുകയും മുഖം തറയിലിടിക്കുകയുമായിരുന്നു.കുട്ടിക്ക് അനക്കമില്ലെന്ന് മനസ്സിലായതോടെയാണ് ഇരുവരും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.ദീപികയുടെ സഹോദരിയെയും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചതായി റോണ്ട് വാലി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.കുറത്തികാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മാങ്കാംകുഴിക്ക് സമീപത്തെ വാടക വീട്ടിൽ കഴിഞ്ഞ 28-നാണ് ഇവർ താമസത്തിനെത്തിയത്.

റോണ്ട് വാലി തന്റെ ഭാര്യയാണെന്നാണ് പരിതോഷ് നാട്ടുകാരോട് പറഞ്ഞിരുന്നതെങ്കിലും ഇരുവരും നിയമപരമായി വിവാഹിതരല്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മൈക്കാട് ജോലിക്കാരനായ പ്രതി പരിതോഷിനെ നാളെ കോടതിയിൽ ഹാജരാക്കും.