Banner Ads

2027ലെ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: എസ്എസ്എൽസി മാർച്ച് 1ന്; പ്ലസ് ടു മാർച്ച് 2ന്

തിരുവനന്തപുരം : 2027ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് ഒന്നിനും ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് രണ്ടിനും ആരംഭിക്കും. ഫെബ്രുവരി ഒന്നുമുതൽ 15 വരെയാണ് ഐടി പ്രാക്ടിക്കൽ പരീക്ഷകൾ.

ഫെബ്രുവരി 16 മുതൽ 20 വരെ മോഡൽ പരീക്ഷകളും നടത്തും. ഏപ്രിൽ അഞ്ചിന് മൂല്യനിർണയം ആരംഭിച്ച് മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. ഇത്തവണ 4,25,000 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് രണ്ടിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും.

മാർച്ച് 12, 30 തീയതികളിൽ ഉച്ചയ്ക്ക് രണ്ടിനും മറ്റ് ദിവസങ്ങളിൽ രാവിലെ 9.30നുമാണ് പരീക്ഷകൾ ആരംഭിക്കുക. രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 25ന് തുടങ്ങും. ഫെബ്രുവരി 11 മുതൽ 24 വരെയാണ് മോഡൽ പരീക്ഷകൾ.

ഹയർ സെക്കൻഡറി ഫലം മെയ് 15ന് പ്രസിദ്ധീകരിക്കും. കേരളം, ഗൾഫ് രാജ്യങ്ങൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി ഏകദേശം 2000 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയർ സെക്കൻഡറി പരീക്ഷകൾക്കായി ഒരുക്കിയിരിക്കുന്നത്. ഒന്നും രണ്ടും വർഷങ്ങളിലായി ഏകദേശം ഒമ്പത് ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതും.

അതേസമയം വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ 389 കേന്ദ്രങ്ങളിലായി നടക്കും. ഏകദേശം 53000 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനാണ് വാർത്താസമ്മേളനത്തിൽ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്.