
തിരുവനന്തപുരം : യുഡിഎഫിലോ മന്ത്രിസഭയിലോ ഒരു പ്രശ്നവുമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. മന്ത്രിസഭയിലെല്ലാവരും ഒരു ടീമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും വകുപ്പ് മന്ത്രി എന്ന നിലയിൽ തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രി ആലോചനകൾ നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി കരാർ വിവാദത്തിൽ നിലവിൽ വൈദ്യുതിയുടെ ആവശ്യമില്ലെന്ന കാര്യമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതെന്നും ഭാവിയിൽ ഇത് വേണ്ടി വന്നേക്കാമെന്നും മന്ത്രി പ്രതികരിച്ചു. പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും മന്ത്രിസഭയിൽ ചർച്ച ചെയ്യാറുണ്ട്.
അടൂർ പ്രകാശ് എം പി പാർട്ടിയുടെ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും ഭരണപരമായ കാര്യങ്ങളെല്ലാം ഭംഗിയായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എൻഡോക്രൈനോളജി വകുപ്പ് മേധാവിയുടെ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകി.
താൻ ചുമതലയേറ്റെടുത്തിട്ട് അധികനാളായിട്ടില്ലെന്നും വകുപ്പ് മേധാവിയായി പുതിയൊരാൾ ഉടൻ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ കോളേജിൽ പുതിയ ലാബ് ആരംഭിക്കുന്നത് സാധാരണക്കാരായ രോഗികൾക്ക് സൗജന്യവും കുറഞ്ഞ നിരക്കിലുമുള്ള സേവനം ഉറപ്പാക്കാനാണെന്ന് മന്ത്രി പറഞ്ഞു.
സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ സിഎസ്ആർ ഫണ്ട് ആര് നൽകിയാലും സ്വീകരിക്കും. മെഡിക്കൽ കോളേജുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നത് തികച്ചും സുതാര്യമായ നടപടികളിലൂടെയാണ്. പൊതുസ്വത്തിൽ ആരെയും കയ്യിടാൻ അനുവദിക്കില്ല.
കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഈ സംവിധാനങ്ങളൊക്കെ നശിപ്പിച്ചവർക്ക് ഇപ്പോൾ കാര്യങ്ങൾ സുതാര്യമായി നടക്കുമ്പോഴുണ്ടാകുന്ന അസുഖമാണിത്. ആ അസുഖത്തിനുള്ള മരുന്ന് ഞങ്ങളുടെ കയ്യിലില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.