
ദില്ലി : പശ്ചിമേഷ്യയിലെ യുദ്ധഭീതിയെ തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചതോടെ സൗദി അറേബ്യയിൽ നിന്നുള്ള യാത്രക്കാർ പ്രതിസന്ധിയിൽ. പ്രവാസികളും ഉംറ തീർത്ഥാടകരുമാണ് ഇതോടെ നാട്ടിലെത്താനാകാതെ ദുരിതത്തിലായിരിക്കുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ എന്നീ ഇന്ത്യൻ വിമാനക്കമ്പനികളാണ് സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയത്.
സൗദിയിലെ മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികളും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് നടപടിയെന്നാണ് കമ്പനികളുടെ വിശദീകരണം. സൗദിയിലെ നാല് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ഇൻഡിഗോ വീണ്ടും നീട്ടിയിട്ടുണ്ട്. ഇന്ത്യൻ വിമാനങ്ങൾ സർവീസ് നിർത്തിയതോടെ വിദേശ വിമാനക്കമ്പനികളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
എന്നാൽ അവസരം മുതലെടുത്ത് വിദേശ കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളമായി ഉയർത്തി. നേരത്തെ 15000 രൂപയുണ്ടായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ 40000 മുതൽ 50000 രൂപ വരെ നൽകേണ്ട ഗതികേടിലാണ് യാത്രക്കാർ. സാധാരണക്കാർക്ക് താങ്ങാനാകാത്ത ഇത്തരം നിരക്കുകൾ പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ്. ഉംറ തീർത്ഥാടനത്തിനെത്തി വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങാനാകാതെ നിരവധി പേർ സൗദിയിൽ കുടുങ്ങിക്കിടക്കുകയാണ്.
വിസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തുടരുന്നത് ഒളിച്ചോട്ടക്കാരായി കണക്കാക്കപ്പെടാനും നിയമനടപടികൾ നേരിടേണ്ടി വരാനും ഇടയാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ എത്രയും വേഗം സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.