Banner Ads

കാലടി സർവകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ: സർക്കാരിനും സർവകലാശാലയ്ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട ഹർജിയിൽ സർവകലാശാലയോട് കടുത്ത ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. കേസിന്റെ പശ്ചാത്തലം വ്യക്തമാക്കുന്ന രണ്ട് എഫ്.ഐ.ആറുകൾ സർവകലാശാല കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

കുഞ്ചൻനമ്പ്യാരുടെ വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമർശനം. “ഇനിയും അരിശം തീർന്നില്ലേ?” എന്ന് ചോദിച്ച കോടതി, മൂന്ന് മാസത്തോളമായി കുട്ടികളെ സസ്പെൻഡ് ചെയ്തിട്ടും ഇനിയും എന്ത് നടപടിയാണ് വേണ്ടതെന്ന് ആരാഞ്ഞു.60 ദിവസത്തോളമായി കുട്ടികൾ ഇതിനകം തന്നെ കടുത്ത പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചുകഴിഞ്ഞു. ഇനി എന്താണ് വേണ്ടത് എന്ന് കോടതി സർവകലാശാലയോട് ചോദിച്ചു.

ഒരു കേസിൽ രണ്ട് എഫ്.ഐ.ആറുകൾ നിലനിൽക്കുമോ എന്ന് കോടതി പരിശോധിച്ചു.വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളെ പൂർണ്ണമായും കോടതി അംഗീകരിക്കുന്നില്ലെന്നും അവർ ചെയ്തത് ന്യായീകരിക്കാമെന്ന് പറയുന്നില്ലെന്നും വ്യക്തമാക്കിയ കോടതി, എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയക്കാർ തങ്ങളുടെ കുട്ടിക്കാലത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും സർവകലാശാലയോട് ആരാഞ്ഞു.ഈ ഹർജിയിൽ വിശദമായ വാദം കേൾക്കൽ മറ്റന്നാളത്തേക്ക് മാറ്റിയിട്ടുണ്ട്.