Banner Ads

സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു; ജനുവരി 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു. യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികളും ഗതാഗത മന്ത്രി സി പി ജോണും അറിയിച്ചു.

നിരക്ക് വർദ്ധനവിനെക്കുറിച്ച് പഠിക്കാൻ അടിയന്തരമായി ഒരു കമ്മീഷനെ നിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു. കമ്മീഷന് മുൻപിൽ ഓരോ യൂണിയനുകൾക്കും തങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. നടപടികൾ പൂർത്തിയാക്കി ജനുവരി ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് ചർച്ചയിൽ ഉറപ്പ് ലഭിച്ചതെന്ന് തൊഴിലാളി നേതാക്കൾ വ്യക്തമാക്കി.

2022ലാണ് സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്കുകൾ പരിഷ്കരിച്ചിരുന്നത്. ഓട്ടോ ഡ്രൈവർമാർക്ക് ഇഎസ്ഐ പരിരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഡ്രൈവർമാർക്ക് വിശ്രമമുറി സൗകര്യം ഒരുക്കുന്നതിനായി ടൂറിസം വകുപ്പുമായും ഹോട്ടൽ ഉടമകളുമായും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഇത് നടപ്പിലാക്കുമെന്നും സർക്കാർ അറിയിച്ചു.

ടു-വീലർ ടാക്സുകൾ നിയമപരമായി അനുവദനീയമാണെങ്കിലും മഞ്ഞ ബോർഡിന് പകരം വെള്ള ബോർഡ് വെച്ച് നിയമവിരുദ്ധമായി ടാക്സി സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം നിയമലംഘനങ്ങൾ കർശനമായി നിയന്ത്രിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.