
കൊച്ചി : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ സർവകലാശാലാ അധികൃതർക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. 60 ദിവസത്തോളമായി കുട്ടികൾ സസ്പെൻഷനിലായി പ്രയാസമനുഭവിക്കുകയാണെന്നും ഇനിയും എന്താണ് വേണ്ടതെന്നും കോടതി ചോദിച്ചു.
ഇനിയും അരിശം തീർന്നില്ലേ എന്ന കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ വരികൾ ഉദ്ധരിച്ചാണ് കോടതി സർവകലാശാലയുടെ നടപടിയെ വിമർശിച്ചത്. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കാൻ യൂണിവേഴ്സിറ്റിയോട് കോടതി ആവശ്യപ്പെട്ടു. രണ്ട് എഫ്ഐആറുകളാണ് സർവകലാശാല ഹൈക്കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഒരു സംഭവത്തിൽ രണ്ട് എഫ്ഐആറുകൾ എങ്ങനെ നിലനിൽക്കുമെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
കഴിഞ്ഞ മൂന്ന് മാസമായി സസ്പെൻഷനിലുള്ള വിദ്യാർത്ഥികൾ ഇതിനകം തന്നെ ഏറെ ബുദ്ധിമുട്ടിക്കഴിഞ്ഞുവെന്നും ഇനിയും എന്താണ് ചെയ്യേണ്ടതെന്നും കോടതി ആരാഞ്ഞു. വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങളെ ന്യായീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇപ്പോഴത്തെ രാഷ്ട്രീയക്കാരൊക്കെയും തങ്ങളുടെ വിദ്യാർത്ഥിക്കാലത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ഓർമ്മിപ്പിച്ചു.
ഇന്ന് കേസിൽ വിശദമായ വാദം കേൾക്കുന്നില്ലെങ്കിലും കേസിന്റെ സ്വഭാവം മനസ്സിലാക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹർജിയിൽ മറ്റന്നാൾ വാദം കേൾക്കുമെന്ന് അറിയിച്ചു.