
കൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞെന്നാരോപിച്ച് തട്ടുകട ഉടമയ്ക്കും ജീവനക്കാരനും നേരെ ക്രൂരമായ മർദനവും ആക്രമണവും. കൊല്ലം പെരുമ്പുഴയിലെ ‘ടീ മെറ്റ്’ തട്ടുകടയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ കടയുടമ നാസിമിന് കുത്തേറ്റു. ജീവനക്കാരനായ മോഹനന്റെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ തട്ടുകട പൂർണമായും അടിച്ചുതകർത്തു.
നാട്ടുകാരായ കൊള്ളി നിയാസ്, സുഹൃത്ത് ജാക്സൺ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കടയുടമയുടെ പരാതി. പരിപ്പുവട കഴിച്ചതിന് ശേഷം ഉപ്പ് കുറവാണെന്ന് പറഞ്ഞ് ഇരുവരും ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ആയുധങ്ങളുമായെത്തി ആക്രമണം നടത്തുകയുമായിരുന്നു. സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടുണ്ട്.