Banner Ads

പൊള്ളുന്ന വിലയുമായി മുട്ടയും: ചില്ലറ വിപണിയിൽ ഒറ്റയടിക്ക് ഇരട്ടി വില; സാധാരണക്കാർക്ക് ഇരുട്ടടിയായി വിലക്കയറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബബജറ്റിന് വീണ്ടും തിരിച്ചടിയാകുന്നു. ചെറിയ ഉള്ളി വില വർധനവിന് പിന്നാലെ കോഴിമുട്ട വിലയും കുതിച്ചുയരുകയാണ്. ചില്ലറ വിപണിയിൽ ഒരു കോഴിമുട്ടയ്ക്ക് 8 മുതൽ 10 രൂപ വരെയാണ് നിലവിലെ വില. നേരത്തെ 5 രൂപയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്താണ് ഈ ഒറ്റയടിയുള്ള വിലവർധന.

നാടൻ കോഴിമുട്ടയുടെ വിലയും സമാനമായി കുത്തനെ ഉയർന്നിട്ടുണ്ട്. കോഴിത്തീറ്റയുടെ ഉൽപ്പാദനച്ചെലവിലുണ്ടായ വർധനവാണ് മുട്ടവില ഉയരാൻ കാരണം. എഥനോൾ നിർമാണത്തിനായി കേന്ദ്രസർക്കാർ ചോളം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ കോഴിത്തീറ്റ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞു. ചോളത്തിന് ക്ഷാമം നേരിട്ടതോടെ കോഴിത്തീറ്റ വില കുത്തനെ ഉയർന്നു.

നേരത്തെ 1800 മുതൽ 2000 രൂപ വരെ വിലയുണ്ടായിരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2760 രൂപയാണ് നൽകേണ്ടി വരുന്നത്. ഉൽപ്പാദനച്ചെലവിലുണ്ടായ വർധനവ് ചെറുകിട കോഴിക്കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉൽപ്പാദനച്ചെലവിന്റെ അധികഭാരം മുട്ടയുടെ ചില്ലറ വിലയിലും പ്രതിഫലിക്കുന്നു.