Banner Ads

സംസ്ഥാനത്ത് ചെറിയ ഉള്ളി വില കുതിച്ചുയരുന്നു; ചില്ലറ വിപണിയിൽ കിലോയ്ക്ക് 160 രൂപ വരെ

തിരുവനന്തപുരം : കേരളത്തിൽ ചെറിയ ഉള്ളി വില കുതിച്ചുയരുന്നു. സംസ്ഥാനത്തെ ചില്ലറ വിപണികളിൽ കിലോയ്ക്ക് 160 രൂപ വരെയായി ഉയർന്നു. തമിഴ്‌നാട്ടിലെ മൊത്തവിപണികളിൽ 60 മുതൽ 70 രൂപ വരെയാണ് നിലവിലെ നിരക്കെങ്കിലും കേരളത്തിലെത്തുമ്പോൾ വില ഇരട്ടിയിലധികമാകുന്ന സ്ഥിതിയാണ്.

പ്രതികൂല കാലാവസ്ഥ കാരണം തമിഴ്‌നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലെ ഉള്ളി കൃഷി മേഖലകളിലും വിളവ് പകുതിയിലധികമായി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. പാടത്തുനിന്ന് വിളവെടുക്കുമ്പോൾ നല്ല ഈർപ്പവും തൂക്കവുമുണ്ടാകുന്ന ഉള്ളി ഉണങ്ങുമ്പോൾ ഭാരം കാര്യമായി കുറയുന്നു. 10 കിലോ ഉള്ളി ഉണങ്ങിക്കഴിയുമ്പോൾ 6 മുതൽ 7 കിലോ വരെയായി ചുരുങ്ങുന്ന അവസ്ഥയാണ്.

ഈ തൂക്കനഷ്ടം നികത്താൻ കർഷകർ ഉള്ളി ഉണക്കി സൂക്ഷിച്ചശേഷമാണ് വിപണിയിലെത്തിക്കുന്നത്. തമിഴ്‌നാട്ടിലെ മൊത്തവിപണി വിലയ്‌ക്കൊപ്പം (60-70) ഈ തൂക്കനഷ്ടവും കയറ്റിറക്കുകൂലിയും കടത്തുകൂലിയും ഇടനിലക്കാരുടെ ലാഭവും കൂടി ചേരുമ്പോഴാണ് കേരളത്തിലെ ചില്ലറ വിപണിയിൽ വില 150-160 രൂപയിലെത്തുന്നത്.