
തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരത്ത് കെഎസ്ആർടിസി ബസിടിച്ച് 15 കാരിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അന്നപൂർണേന്ദു ആണ് അപകടത്തിൽ മരിച്ചത്. കുട്ടിക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പിതാവ് അശോകൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് ധനുവച്ചപുരത്തു നിന്നും അമരവിള ഭാഗത്തേക്ക് പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് കുട്ടി ബസിനടിയിലേക്ക് വീഴുകയായിരുന്നു. അപകട സമയത്ത് ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്നയുടൻ തന്നെ കെഎസ്ആർടിസി ഡ്രൈവർ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.