
കോഴിക്കോട്: നടൻ മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ സിപിഐഎമ്മിന് യാതൊരു പങ്കുമില്ലെന്ന് മുതിർന്ന സിപിഐഎം നേതാവ് തോമസ് ഐസക്. കേരളത്തിലെ ഏറ്റവും മികച്ച നടനായ മമ്മൂട്ടി ഇടതുപക്ഷത്തോട് എപ്പോഴും സൗഹാർദ്ദം പുലർത്തുന്ന വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യർ പരസ്പരം വീടുകൾ സന്ദർശിക്കുന്നതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയണമോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. “മമ്മൂട്ടിയെ ആക്രമിക്കുന്നത് സിപിഐഎം പ്രവർത്തകരല്ല. ആർക്ക് വേണമെങ്കിലും പാർട്ടിയുടെ പേരിൽ സംസാരിക്കാം, എന്നാൽ സിപിഐഎമ്മിന് കൃത്യമായ നേതാക്കളും ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളുമുണ്ട്,” ഐസക് പറഞ്ഞു.സിഐടിയു (CITU) സംസ്ഥാന സമ്മേളനത്തിൽ സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങളിലും തോമസ് ഐസക് പ്രതികരിച്ചു.
സമ്മേളനത്തിനുള്ളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരമില്ലെങ്കിലും തോൽവിയുടെയോ പരാജയങ്ങളുടെയോ കാരണങ്ങൾ സിപിഐഎം അംഗീകരിച്ച രേഖയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം ചർച്ചകൾ ഉയർന്നുവരുന്നതിൽ അത്ഭുതമില്ലെന്നും അത് തിരുത്തൽ പ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ സാമ്പത്തിക നിലയായിരുന്നില്ല രണ്ടാം സർക്കാരിന്റെ കാലത്തുണ്ടായിരുന്നത്. കേന്ദ്ര സർക്കാർ സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.