
ആലപ്പുഴ : എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാൻ വധക്കേസിൽ വിചാരണ നടപടികൾ നീട്ടിവെച്ചു. നടപടികൾ നവംബർ 20 മുതൽ ആരംഭിക്കും. വിചാരണ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം സമർപ്പിച്ച അഡ്ജേൺമെന്റ് ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
മഹാരാജാസ് കോളേജിലെ അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹാജരാകേണ്ടതുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് വിചാരണ തീയതി മാറ്റി നിശ്ചയിച്ചത്. 2021 ഡിസംബർ 18നാണ് ആലപ്പുഴ മണ്ണഞ്ചേരിക്ക് സമീപത്തുവെച്ച് കാറിലെത്തിയ സംഘം കെഎസ് ഷാനിനെ വെട്ടി കൊലപ്പെടുത്തിയത്.
ആർഎസ്എസ് പ്രവർത്തകരാണ് കേസ് അന്വേഷണത്തിൽ പ്രതിപ്പട്ടികയിലുള്ളത്. കേസിൽ നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടതിനെ തുടർന്ന് മുൻപ് ഹൈക്കോടതി ജാമ്യം നിഷേധിച്ച അഭിമന്യു, അതുൽ, സനന്ദ് ഉൾപ്പെടെയുള്ള പ്രതികൾക്ക് 2025 സെപ്റ്റംബറിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.