Banner Ads

അടൂർ സ്റ്റേഷൻ അതിക്രമം: മുൻകൂർ ജാമ്യത്തിന് പ്രതികൾ; സി.പി.എം. അനിശ്ചിതകാല സത്യാഗ്രഹത്തിലേക്ക്

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ച കേസിൽ അറസ്റ്റ് ഒഴിവാക്കാൻ നീക്കങ്ങളുമായി പ്രതികൾ. കേസിൽ പ്രതി ചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാനും അടക്കമുള്ളവർ മുൻകൂർ ജാമ്യം തേടാൻ തീരുമാനിച്ചു. അതേസമയം, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം. അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. സമരത്തിന്റെ ഉദ്ഘാടനം പി. ജയരാജൻ നിർവ്വഹിക്കും.

ജൂലൈ 11-ന് യൂട്യൂബർ രാജൻ ജോസഫിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അന്ന് പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. എന്നാൽ, സി.പി.എം. ഇടപെട്ട് വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് വിഷയം വലിയ വിവാദമായി മാറിയത്.

സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. അടൂർ പോലീസ് സ്റ്റേഷനിലുണ്ടായ അതിക്രമം തികച്ചും ഗൗരവകരമായാണ് സർക്കാർ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പോലീസ് സ്റ്റേഷനിൽ യാതൊരുവിധ അതിക്രമവും നടത്തിയിട്ടില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് സ്റ്റേഷനിൽ എത്തിയതെന്നും, സെല്ലിൽ കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. സെല്ലിന് പുറത്തുനിന്ന് ‘സുഖമാണോ ചേട്ടാ’ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി കൂട്ടിച്ചേർത്തു.