Banner Ads

കാലടി സർവ്വകലാശാല സസ്‌പെൻഷൻ കേസ്: വിദ്യാർത്ഥികളുടെ ഹർജിയിൽ ഇന്ന് അടിയന്തര വാദമില്ലെന്ന് സുപ്രീം കോടതി; നാളെ പരിഗണിക്കും

ദില്ലി : കാലടി സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ ഇന്ന് അടിയന്തര വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി. ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പരീക്ഷകൾ ഇന്ന് ആരംഭിക്കുന്നതിനാൽ അടിയന്തരമായി പരിഗണിക്കണമെന്ന് വിദ്യാർത്ഥികൾക്കുവേണ്ടി ഹാജരായ അഭിഭാഷകരായ ദേവവ്രത്, കെആർ സുഭാഷ് ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടെങ്കിലും കോടതി നാളേക്ക് മാറ്റുകയായിരുന്നു.

വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ തെളിയിക്കപ്പെട്ടാൽ പിന്നീട് വീണ്ടും പരീക്ഷ നടത്താൻ നിർദ്ദേശിക്കാമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു. നേരത്തെ, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നും വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു.

സർവ്വകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമായി തീരുമാനമെടുക്കാൻ വിസിയോടോ വാഴ്സിറ്റിയോടോ നിർദ്ദേശിക്കാൻ കോടതികൾക്ക് കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മുൻ വി സി സിസ തോമസിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ സസ്പെൻഷനിലായ 10 എസ്എഫ്ഐ പ്രവർത്തകരുടെ കാര്യത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി ഉണ്ടായത്. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം തികച്ചും മനുഷ്യത്വ രഹിതമാണെന്നായിരുന്നു സസ്പെൻഷനിലായ വിദ്യാർത്ഥികളുടെ പ്രതികരണം.