Banner Ads

കാലടി സർവകലാശാലയിലെ വിലക്ക്: 12 വിദ്യാർത്ഥികൾ മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്ന് സിൻഡിക്കേറ്റ്; നാല് നേതാക്കൾക്ക് ഇളവില്ല

കൊച്ചി : കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 12 പേരെ തിരിച്ചെടുക്കാൻ തയ്യാറാണെന്ന് സർവകലാശാല സിൻഡിക്കേറ്റ്. ഇവർ രേഖാമൂലം മാപ്പപേക്ഷ നൽകണമെന്നാണ് ഉപാധി.

അതേസമയം എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് എന്നിവരടക്കം നാല് വിദ്യാർത്ഥികൾക്കെതിരായ സസ്‌പെൻഷൻ നടപടി പിൻവലിക്കില്ലെന്ന് സിൻഡിക്കേറ്റ് വ്യക്തമാക്കി. പരീക്ഷയെഴുതാൻ അനുവദിക്കണമോ എന്ന കാര്യത്തിൽ ഹൈക്കോടതിയുടെ തീരുമാനം അനുസരിച്ച് നിലപാടെടുക്കാനാണ് സിൻഡിക്കേറ്റ് തീരുമാനം.

12 പേരും മാപ്പപേക്ഷ നൽകിയാൽ മാത്രമേ സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂ. വിദ്യാർത്ഥികളുടെ ഹർജിയിൽ കോടതിയുടെ തീരുമാനം നാളെയുണ്ടാകും.