
പാലക്കാട് : കാറിടിച്ച് റോഡിൽ രക്തം വാർന്ന് കിടക്കേണ്ടി വന്ന കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചാലിശ്ശേരി തേവർപറമ്പിൽ അബൂബക്കർ (62) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. കൂറ്റനാട് – തണ്ണീർക്കോട് റോഡിൽ വട്ടേനാട് സ്കൂളിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു അപകടം.
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അബൂബക്കറിനെ തണ്ണീർക്കോട് ഭാഗത്തുനിന്ന് എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പത്തു മിനിറ്റോളമാണ് അബൂബക്കർ റോഡിൽ രക്തം വാർന്ന് കിടന്നത്. അതുവഴി കടന്നുപോയ കാറുകളും മറ്റ് വാഹനങ്ങളും ഇയാളെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല.
തുടർന്ന് നാട്ടുകാർ ഓടിക്കൂടി ആംബുലൻസ് വിളിച്ചുവരുത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആംബുലൻസ് എത്താനും വൈകിയതായി പ്രദേശവാസികൾ പറഞ്ഞു.