
അങ്കമാലി : അനുവദനീയമായതിലും അധികം ഭാരത്തിലും ഉയരത്തിലും ചരക്കുകൾ കയറ്റി സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെ എൻഫോഴ്സ്മെന്റ് വിഭാഗം നടപടി സ്വീകരിച്ചു. എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 51 വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും നടപടിയെടുക്കുകയും ചെയ്തു.
രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് അങ്കമാലി, മഞ്ഞപ്ര, കരയാംപറമ്പ്, ഏഴാറ്റുമുഖം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം റോഡരികിലെ വൈദ്യുത ലൈനുകൾ, പോസ്റ്റുകൾ, മറ്റ് കേബിളുകൾ എന്നിവയ്ക്ക് കനത്ത നാശനഷ്ടമുണ്ടാക്കുന്നതായും പരാതികൾ ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കടുപ്പിച്ചത്. അമിതഭാരം കയറ്റിയ രണ്ട് വാഹനങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഡ്രൈവിങ് ലൈസൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, നികുതി എന്നിവ ഇല്ലാതെ നിരത്തിലിറങ്ങിയ വാഹനങ്ങളും പിടികൂടി.
വാഹനങ്ങളുടെ ബോഡിയിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയത് സൈലൻസറിൽ മാറ്റം വരുത്തിയത് ഉൾപ്പെടെയുള്ള ഗുരുതര നിയമലംഘനങ്ങളും കണ്ടെത്തി. നിയമലംഘനം നടത്തിയ വാഹനങ്ങളിൽ നിന്ന് കോമ്പൗണ്ടിങ് ഫീസായി 36500 രൂപ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.