Banner Ads

തീവ്ര ചുഴലിക്കാറ്റായി മുറസു: ആന്ധ്രയും തമിഴ്‌നാടും അതീവ ജാഗ്രതയിൽ; സഹായവുമായി തമിഴ്‌നാട് സർക്കാർ

ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മുറസു ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. നിലവിൽ ചെന്നൈയിൽ നിന്ന് 260 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കാറ്റ് രാത്രി 11.30നും പുലർച്ചെ 4നും ഇടയിൽ ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ് കരതൊടുക. ആന്ധ്രയിലെ നെല്ലൂർ – നരസാപുരം തീരപ്രദേശങ്ങൾ അതീവ ജാഗ്രതയിലാണ്. പ്രദേശത്ത് എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ നേരിടാൻ തമിഴ്‌നാട്ടിലെ വൈദ്യുതി വകുപ്പ് ജീവനക്കാരെ ആന്ധ്രയിലേക്ക് അയക്കാൻ തീരുമാനമായിട്ടുണ്ട്.

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. മുറസു ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ വടക്കൻ തമിഴ്‌നാട്ടിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകി.

കൂടാതെ കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപ്പേട്ട്, വെല്ലൂർ, നീലഗിരി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. വടക്കൻ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിലെ കളക്ടർമാർക്ക് സ്ഥിതിഗതികൾ നിരീക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും സർക്കാർ നിർദ്ദേശം നൽകി.