
ചേർത്തല : ആലപ്പുഴ ചേർത്തലയിൽ പ്ലസ് ടു വിദ്യാർത്ഥിയായ അനന്തുവിനെ ക്രൂരമായി മര്‍ദിച്ചു കൊന്ന കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി. കേരളത്തിൽ ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സംഭവത്തിൽ 9 വർഷത്തിനു ശേഷമാണ് വിധി വരുന്നത്.
2017 ഏപ്രിൽ അഞ്ചിന് രാത്രി പത്തേമുക്കാലോടെയായിരുന്നു സംഭവം. വയലാർ രാമവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്ന പതിനേഴുകാരൻ അനന്തുവിനെ വയലാർ നീലിമംഗലം ഷാപ്പിന് എതിർവശത്തുള്ള മൈതാനത്തു വെച്ച് പതിനഞ്ചിലധികം വരുന്ന സംഘം ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയുമായിരുന്നു.
തലയ്ക്കും കഴുത്തിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂൾ ക്യാമ്പസിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്കൂളിലെ പെൺകുട്ടികളെ പുറത്തുനിന്നെത്തിയ ചിലർ ശല്യം ചെയ്തത് ചോദ്യം ചെയ്തതാണ് അനന്തുവിനോടുള്ള ശത്രുതയ്ക്ക് കാരണമായത്.
കൊല്ലപ്പെട്ട അനന്തുവും കേസിൽ പ്രതികളാക്കപ്പെട്ടവരും ആർഎസ്എസ് പ്രവർത്തകരായിരുന്നു. സംഭവത്തിന് പിന്നിൽ ആർഎസ്എസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളാണെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയത് കേസിന് വലിയ രാഷ്ട്രീയ പ്രാധാന്യം നൽകിയിരുന്നു.