Banner Ads

പണം തരാത്ത വൈരാഗ്യത്തിൽ പെറ്റമ്മയോട് ക്രൂരത; അമരാവതിയിലെ വയോധികയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി : ഫോർട്ട് കൊച്ചി അമരാവതിയിൽ 78കാരിയായ അമ്മയെ മകൻ ചവിട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്യപിക്കാൻ പണം നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മകൻ കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.

അമരാവതി സ്വദേശിനി ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ കണ്ണൻ വീണ്ടും മദ്യം വാങ്ങാൻ അമ്മയോട് പണം ചോദിച്ചു. എന്നാൽ ലക്ഷ്മി പണം നൽകാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മദ്യലഹരിയിലായിരുന്ന കണ്ണൻ അമ്മയെ ക്രൂരമായി മർദ്ദിക്കുകയും ചവിട്ടിക്കൊല്ലുകയുമായിരുന്നു.

വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ സഹോദരന് നൽകിയതിലുള്ള വൈരാഗ്യവും കൊലപാതകത്തിന് പ്രേരണയായതായി പോലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഫോർട്ട് കൊച്ചി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.