
തിരുവനന്തപുരം: അടൂർ പോലീസ് സ്റ്റേഷനിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന അതിക്രമം തികച്ചും ഗൗരവമുള്ള വിഷയമാണെന്ന് സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ. സംഭവത്തിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് (എസ്.പി) വിശദമായ റിപ്പോർട്ട് തേടിയതായി അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.ജനപ്രതിനിധികൾ സ്റ്റേഷനുകളിൽ വരുന്നത് സ്വാഭാവികമാണ്.
എന്നാൽ, അതിനപ്പുറം അവിടെ എന്തെങ്കിലും ഔദ്യോഗിക നിയമലംഘനങ്ങളോ അതിക്രമങ്ങളോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നത് ഗൗരവമായി അന്വേഷിക്കുമെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു.ജൂലൈ 11-ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോഴാണ് അടൂർ പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കെ.എസ്.യു നേതാവ് ഫെനി നൈനാൻ, ശ്രീനാദേവി കുഞ്ഞമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിൽ അതിക്രമിച്ചു കയറി പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് കേസ്.
സംഭവത്തിൽ കണ്ടാലറിയാവുന്നവർക്കെതിരെ അന്ന് കേസെടുത്തിരുന്നെങ്കിലും ഭരണസ്വാധീനത്താൽ തുടർനടപടികളും അന്വേഷണവും പോലീസ് അട്ടിമറിക്കുകയായിരുന്നു എന്ന് സി.പി.എം ആരോപിച്ചു. തുടർന്ന് സി.പി.എം ഇടപെട്ട് വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തെത്തിച്ചതോടെയാണ് സംഭവം വീണ്ടും വിവാദമായത്.