
തിരുവനന്തപുരം : മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് മേതിൽ രാധാകൃഷ്ണൻ അർഹനായി. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് സംസ്ഥാന സർക്കാരിന്റെ ഈ പരമോന്നത സാഹിത്യ ബഹുമതി.
കെജിഎസ് അധ്യക്ഷനും കൽപ്പറ്റ നാരായണൻ, കെ സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളും എം പി സുരേന്ദ്രൻ മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. അനന്യമായ ലാവണ്യബോധവും അനിതരസാധാരണമായ വീക്ഷണശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ പുതിയ ഭാവുകത്വം സൃഷ്ടിച്ച പ്രതിഭയാണ് മേതിൽ രാധാകൃഷ്ണനെന്ന് ജൂറി വിലയിരുത്തി.
പാലക്കാട് ജനിച്ച അദ്ദേഹം ചിറ്റൂർ ഗവൺമെന്റ് കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പതിനെട്ടാം വയസ്സിൽ എഴുതിയ ഒക്ടോപ്പസിന്റെ ശവം ആണ് ആദ്യ കഥ. അതിലെ സവിശേഷമായ ഭാഷയും വക്രോക്തിയും സാഹിത്യലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബിരുദ പഠനകാലത്ത് എഴുതാൻ തുടങ്ങിയ സൂര്യവംശം ആണ് ആദ്യ നോവൽ.
ഇത് മലയാള നോവൽ സാഹിത്യത്തിലെ വലിയ വിസ്മയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. നോർവീജിയൻ ഷിപ്പിങ് കമ്പനിയിലെ കമ്പ്യൂട്ടർ വിഭാഗം തലവനായും നെസ്റ്റ് സോഫ്റ്റ്വെയറിന്റെ ചെന്നൈ ശാഖയിലും ന്യൂ ഇന്ത്യൻ എക്സ്പ്രസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.