Banner Ads

ബംഗാൾ ഉൾക്കടലിൽ ‘മുരാസു’ ചുഴലിക്കാറ്റ് ഭീഷണി; ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യത, കേരളത്തിലും വരുംദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ ചുഴലിക്കാറ്റ് രൂപപ്പെടുകയാണെങ്കിൽ, ഇന്ത്യ നിർദ്ദേശിച്ച ‘മുരാസു’ എന്ന പേരിലായിരിക്കും അറിയപ്പെടുക. ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കേരളത്തിലും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദം അവിടെത്തന്നെ തുടരുകയാണ്. ഇത് അടുത്ത 6 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായും, തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 2-ന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമെത്തുമെന്നും കണക്കാക്കുന്നു.

ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ സംസ്ഥാനത്ത് നവംബർ 1 മുതൽ 4 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.നവംബർ 4 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ (നവംബർ 1) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.