
ഡാളസ്: യു.എസിൽ സമയമാറ്റത്തിന് ഇന്ന് തുടക്കമാകും. ഡേലൈറ്റ് സേവിംഗ് ടൈം (Daylight Saving Time) അവസാനിക്കുന്നതിന്റെ ഭാഗമായി ഈ ഞായറാഴ്ച (നവംബർ 1) പുലർച്ചെ ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ട് തിരിച്ചു വെക്കും.ഞായറാഴ്ച പുലർച്ചെ 2 മണിക്ക് സമയം ഒരു മണിക്കൂർ പിന്നിലേക്ക് തിരിച്ച് 1 മണിയാക്കി മാറ്റും. കഴിഞ്ഞ വസന്തകാലത്ത് മാർച്ച് 8-നായിരുന്നു പകൽ കൂടുതൽ സമയം (Daylight Saving) ആരംഭിച്ചിരുന്നത്.
വിന്റർ സീസണിന്റെ തുടക്കത്തിൽ ഒരു മണിക്കൂർ പിന്നോട്ടും, സ്പ്രിംഗ് സീസണിൽ ഒരു മണിക്കൂർ മുന്നോട്ടും ക്ലോക്ക് തിരിക്കുന്ന ഈ സമയമാറ്റ സമ്പ്രദായം ആദ്യമായി നിലവിൽ വന്നത് ഒന്നാം ലോകമഹായുദ്ധകാലത്താണ്.സൂര്യപ്രകാശം പരമാവധി പ്രയോജനപ്പെടുത്താനും വൈദ്യുതി ഉപയോഗം കുറച്ച് മിച്ചമുള്ള ഊർജ്ജം യുദ്ധമേഖലകളിൽ വിനിയോഗിക്കാനുമാണ് അമേരിക്കയിൽ ഇത് നടപ്പിലാക്കി തുടങ്ങിയത്. ക്ലോക്കുകൾ പിന്നോട്ട് വെക്കുമ്പോൾ ആളുകൾക്ക് ഒരു മണിക്കൂർ അധികമായി ലഭിക്കും. മിക്ക അമേരിക്കക്കാർക്കും ഇതിലൂടെ ഒരു മണിക്കൂർ കൂടി കൂടുതൽ ഉറക്കം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
മിക്ക ഡിജിറ്റൽ ഉപകരണങ്ങളും സ്മാർട്ട്ഫോണുകളും യാന്ത്രികമായി സമയം മാറുെമങ്കിലും, മാനുവൽ ആയി പ്രവർത്തിക്കുന്ന ക്ലോക്കുകളും വാച്ചുകളും സ്വമേധയാ ക്രമീകരിക്കാൻ ശ്രദ്ധിക്കുക.സമയമാറ്റത്തിനുശേഷം വൈകുന്നേരങ്ങളിൽ ഇരുട്ട് നേരത്തെ വീഴും. അതേസമയം, രാവിലെ സൂര്യോദയവും നേരത്തെ ഉണ്ടാകും. ‘സ്പ്രിംഗ് ഫോർവേർഡ്, ഫാൾ ബാക്ക്വേർഡ്’ (Spring forward, Fall backward) എന്നാണ് അമേരിക്കയിൽ ഈ സമയമാറ്റം പൊതുവെ അറിയപ്പെടുന്നത്.അരിസോണ, ഹവായ്, പ്യൂർട്ടോ റിക്കോ, വെർജിൻ ഐലൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ സമയമാറ്റം ബാധകമല്ല.