Banner Ads

വോട്ടർ പട്ടിക ക്രമക്കേട്: പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിനും ചർച്ചയ്ക്കും തയ്യാറെന്ന് കേന്ദ്രം; പ്രതിപക്ഷത്തിന്റെ പ്രതീകാത്മക വിചാരണ ഇന്ന്

ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ. വിഷയം ചർച്ച ചെയ്യുന്നതിനായി പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചുചേർക്കാൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ആരോപണം ഉന്നയിക്കപ്പെട്ട ഓരോ വിഷയത്തിലും വിശദമായ ചർച്ചയ്ക്ക് സർക്കാർ സന്നദ്ധമാണ്. തെരുവിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

അതേസമയം, വോട്ടർ പട്ടിക വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി പുറത്താക്കുന്ന ‘ഇന്ത്യ’ (INDIA) സഖ്യത്തിന്റെ പൊതു കുറ്റവിചാരണ ഇന്ന് നടക്കും. മുൻപ് തീരുമാനിച്ച സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 2.30-ന് പരിപാടി ആരംഭിക്കുമെന്ന് ജയറാം രമേശ് അറിയിച്ചിരുന്നെങ്കിലും 3.30-നായിരിക്കും പരിപാടിയെന്ന് എഐസിസി വ്യക്തമാക്കി.

ഇന്നലെ നടത്താനിരുന്ന പരിപാടി പ്രതികൂല കാലാവസ്ഥയും മഴയും മൂലമാണ് ഇന്നത്തേക്ക് മാറ്റിവച്ചതെന്നാണ് നേതാക്കളുടെ വിശദീകരണം.വേദി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതി.മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ.ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അവതരിപ്പിക്കും.’ഇന്ത്യ’ സഖ്യത്തിലെ എംപിമാർ, പ്രമുഖ നേതാക്കൾ, പൗരാവകാശ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിക്കും.

വോട്ടർ പട്ടിക പരിഷ്കരണത്തോടെ വോട്ടവകാശം നഷ്ടപ്പെട്ട സാധാരണക്കാരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കും.വിധിപ്രഖ്യാപനം രാഹുൽ ഗാന്ധിയുടെ മറുപടി പ്രസംഗത്തിന് ശേഷം, ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ടുള്ള പ്രതീകാത്മക വിധി സ്പീക്കർ മീരാ കുമാർ പ്രഖ്യാപിക്കും.അതേസമയം, പരിപാടി മാറ്റിവച്ചതിന് പിന്നിൽ പ്രതികൂല കാലാവസ്ഥയല്ലെന്നും ഇന്ത്യ സഖ്യത്തിനുള്ളിലെ ആഭ്യന്തര അസ്വാരസ്യങ്ങളും ഐക്യമില്ലായ്മയുമാണെന്നും ബിജെപി പരിഹസിച്ചു. പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച പല നേതാക്കളും പിന്മാറിയതാണ് തീയതി മാറ്റാൻ കാരണമെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര ആരോപിച്ചു.