Banner Ads

ചേരാനല്ലൂർ വാഹനാപകടം: കുടുംബം ആവശ്യപ്പെടുന്നയാളെ പ്രോസിക്യൂട്ടറാക്കും; സർക്കാർ കുടുംബത്തിനൊപ്പമെന്ന് രമേശ് ചെന്നിത്തല

കൊച്ചി : ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസ് ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നത്. സർക്കാർ കുടുംബത്തോടൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല. നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള മോട്ടോർ വാഹന നിയമങ്ങൾ പലതും കാര്യക്ഷമമല്ലെന്ന പരാതി ഉയർന്നിട്ടുണ്ടെന്നും ഈ നിയമങ്ങളിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തുന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. അതിനാൽ പൊലീസിന്റെ പരിശോധനക്കെതിരെ ഇനി ആരും പരാതി പറയേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അപ്പീലിൽ സംഭവിച്ച പ്രോസിക്യൂഷൻ പിഴവ് ഗുരുതരമല്ലെന്നും അത് തിരുത്തി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ജയ ബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തി പ്രതികരിച്ചു.