Banner Ads

നെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈൽ അടക്കം നാല് പ്രതികൾ വീണ്ടും പോലീസ് കസ്റ്റഡിയിൽ

നെടുമ്പാശേരി : നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാലുപേരെ പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ നാളെ വൈകിട്ട് അഞ്ചുമണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. അപകടമുണ്ടാക്കിയ മിനി കൂപ്പർ കാർ ഡൽഹിയിൽ നിന്നുള്ള ബിഎംഡബ്ല്യു ഉദ്യോഗസ്ഥർ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലെത്തി പരിശോധിച്ചു. അപകടസമയത്ത് സുഹൈൽ 150 കിലോമീറ്റർ വേഗതയിലാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തി.

കൂടാതെ സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യത്തിന്റെ അളവ് ഉണ്ടായിരുന്നതായി ശാസ്ത്രീയ പരിശോധനാഫലവും സ്ഥിരീകരിച്ചു. ഒക്ടോബർ 10ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. സുഹൈൽ ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു.

വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. തൃക്കാക്കരയിലെ കരകൗശല വിൽപ്പനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന ഇവർ സഹപ്രവർത്തകർക്കൊപ്പം രാത്രിയിൽ ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.