Banner Ads

യുഎഇയിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത; വടക്കൻ-കിഴക്കൻ മേഖലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

അബുദാബി : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ചൊവ്വാഴ്ച വരെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങളും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കിഴക്കൻ, വടക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ ശക്തമാകും.

കാറ്റിന്റെ വേഗത പർവതപ്രദേശങ്ങളിൽ മണിക്കൂറിൽ 55 കി മീ വരെയും ഉൾപ്രദേശങ്ങളിൽ 45 കി മീ വരെയും ഉയർന്നേക്കാം. ഇത് പലയിടങ്ങളിലും പൊടിപടലങ്ങൾ ഉയരാൻ കാരണമാകും. തീരദേശങ്ങളിൽ 33 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ഉൾപ്രദേശങ്ങളിൽ 35 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പർവതപ്രദേശങ്ങളിൽ 26 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും താപനില.

ചില തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെ ഉയർന്നേക്കാം. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാത്രിയിലും പ്രഭാതസമയങ്ങളിലും പടിഞ്ഞാറൻ മേഖലകളിലും തീരദേശങ്ങളിലും കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. കിഴക്കൻ, വടക്കൻ മേഖലകളിൽ മഴ സാധ്യത തുടരും. ശക്തമായ കാറ്റും മൂടൽമഞ്ഞും പ്രതീക്ഷിക്കാം.

കാലാവസ്ഥ സാധാരണ നിലയിലാകും. പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും പ്രഭാതസമയങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടാം. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും.