
പത്തനംതിട്ട : ശബരിമല മിൽമ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിന്റെ ഓഫീസിലെ ജീവനക്കാരനും ദേവസ്വം ബോർഡിലെ പഞ്ചവാദ്യം കലാകാരനുമായ ജയലാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
മിൽമ നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയെടുക്കാൻ ജയലാൽ ഒത്താശ ചെയ്തുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നേരത്തെ അറസ്റ്റിലായ ട്രാൻസ്പോർട്ടിംഗ് കരാറുകാരൻ എസ്എസ് ബിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയലാലിനെ പിടികൂടിയത്.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് സന്നിധാനത്തേക്ക് കൊണ്ടുവരേണ്ടിയിരുന്ന ശുദ്ധമായ മിൽമ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിറ്റ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. യഥാർത്ഥ നെയ്യിന് പകരം ഗുണനിലവാരം കുറഞ്ഞതും മോശവുമായ നെയ്യിന്റെ ശേഖരമാണ് സന്നിധാനത്ത് എത്തിച്ചത്.