Banner Ads

ചേരാനല്ലൂർ അപകടം: തെളിവ് നശിപ്പിക്കാൻ ശ്രമം; 17കാരന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്

കൊച്ചി : ചേരാനല്ലൂർ കണ്ടെയ്നർ റോഡിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ 17കാരന്റെ മൊബൈൽ ഫോണിലെ ഇൻസ്റ്റഗ്രാം ഡാറ്റ ഉൾപ്പെടെയുള്ള വിവരങ്ങൾ നശിപ്പിച്ചതായി കണ്ടെത്തി. ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോൺ വിദഗ്ധ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ് കേസിലെ പ്രതി.

പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിന് ആർസി ഉടമയായ ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199A പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. മകന് ഡ്രൈവിംഗ് അറിയാമായിരുന്നു എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ ജഡ്ജി നൽകിയ മൊഴി.

എന്നാൽ 17കാരൻ മുൻപും ഡ്രൈവ് ചെയ്തിരുന്നതിന്റെ ദൃശ്യങ്ങൾ ശേഖരിച്ച് ഈ വാദം പൊളിക്കാനാണ് പോലീസിന്റെ നീക്കം. അപകടസമയത്ത് ആഡംബര കാർ മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ ഫോണിലുണ്ടെന്നാണ് നിഗമനം.

പ്രതി മുൻപ് മണിക്കൂറിൽ 208 കിലോമീറ്റർ വേഗതയിൽ കാറോടിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ടെന്ന് അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു. ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതോടെ ഈ കാര്യങ്ങളിലും വ്യക്തത വരും.