
തൃശൂർ : പുതുക്കാട് പാലിയേക്കര ടോൾ പ്ലാസയിൽ ടൂറിസ്റ്റ് ബസിൽ നിന്ന് മനുഷ്യവിസർജ്യം ട്രാക്കിൽ തള്ളിയ സംഭവത്തിൽ പരാതി. ഫാസ്ടാഗ് റീഡ് ചെയ്യാൻ ടോൾ ബൂത്തിന് മുന്നിൽ വാഹനം നിർത്തിയ സമയത്ത് ബസിന്റെ യൂറിനറി ടാങ്കിലെ മാലിന്യം ബോധപൂർവ്വം തുറന്നുവിടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ടോൾ പ്ലാസ അധികൃതർ പുതുക്കാട് പോലീസിൽ പരാതി നൽകി.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലെ നടപടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ടോൾ പ്ലാസ അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഇത് ടോൾ പ്ലാസയിലെ ജീവനക്കാർക്കും യാത്രക്കാർക്കും വലിയ ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.