Banner Ads

വിഐപി ഡ്യൂട്ടിക്കിടെ നിർത്താതെ പോയി: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്

കോഴിക്കോട് : ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്. കാരശ്ശേരി സ്വദേശിയും സന്നദ്ധസംഘടനാ ഡ്രൈവറുമായ ശിഹാബുദ്ദീനെതിരെയാണ് മെഡിക്കൽ കോളേജ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

വിഐപി ഡ്യൂട്ടിക്കിടെ പൊലീസ് നിര്‍ദേശം ലംഘിച്ച് നിര്‍ത്താതെ പോയെന്നാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ വിശദീകരണം. ഈ മാസം 16ന് ഉപരാഷ്ട്രപതിയുടെ കോഴിക്കോട് സന്ദർശന വേളയിലാണ് സംഭവം. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസ് പോലീസ് തടയുകയായിരുന്നു.

രോഗിയുടെ അവസ്ഥ ഗുരുതരമാണെന്ന് ആംബുലൻസിന്റെ പിൻവാതിൽ തുറന്ന് പോലീസിനെ ബോധ്യപ്പെടുത്തിയെങ്കിലും കടത്തിവിടാൻ അധികൃതർ തയ്യാറായില്ലെന്ന് ഡ്രൈവറും രോഗിയുടെ ബന്ധുക്കളും പറയുന്നു. വിഐപി വാഹനവ്യൂഹം കടന്നുപോയ ശേഷവും ആംബുലൻസ് യാത്ര തുടരാൻ അനുവദിക്കാതിരുന്നതോടെയാണ് ഡ്രൈവർ വാഹനം മുന്നോട്ടെടുത്തത്.

പരിക്കേറ്റയാൾ മൂന്നുദിവസം തീവ്രപരിചരണ വിഭാഗത്തിൽ (വെന്റിലേറ്റർ) ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. പോലീസിന്റെ വീഴ്ചയ്‌ക്കെതിരെ ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയതായി ആംബുലൻസ് ഡ്രൈവറും രോഗിയുടെ കുടുംബവും അറിയിച്ചു.