
പത്തനംതിട്ട : പതിനാറ് വയസ്സുകാരൻ ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ച സംഭവത്തിൽ രക്ഷിതാവിനും വാഹന ഉടമയ്ക്കുമെതിരെ അടൂർ പൊലീസ് കേസെടുത്തു. എഴംകുളം സ്വദേശിയായ വിദ്യാർത്ഥിയുടെ മാതാവ്, കൊല്ലം പാതിരിക്കൽ സ്വദേശി രവീന്ദ്രൻ എന്നിവർക്കെതിരെയാണ് കേസ്.
16കാരൻ ഓടിച്ചിരുന്ന കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാവിന്റെ പേരിലുള്ള കാറും രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈക്കുമാണ് കസ്റ്റഡിയിലുള്ളത്. അടൂർ, കൊടുമൺ പ്രദേശങ്ങളിൽ നഗരത്തിലെ തിരക്കേറിയ സമയങ്ങളിൽ പോലും വിദ്യാർത്ഥി സ്ഥിരമായി കാറിൽ കറങ്ങിയിരുന്നതായി അടൂർ ട്രാഫിക് പൊലീസിന് വിവരം ലഭിച്ചിരുന്നു.
കൂടാതെ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ റീൽസായി പങ്കുവെക്കുന്നതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥി പൊലീസിന്റെ പിടിയിലായത്.