Banner Ads

കിഫ്ബിയെച്ചൊല്ലി നിയമസഭയിൽ പോർവിളി: ചതിയൻ ചന്തു യുഡിഎഫ് എന്ന് കെ എൻ ബാലഗോപാൽ; രൂക്ഷവിമർശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം : കിഫ്ബിയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കം. കേരളത്തിന്റെ ധനസ്ഥിതി കിഫ്ബി തകർത്ത് തരിപ്പണമാക്കിയെന്നും ഖജനാവ് കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. കിഫ്ബി പദ്ധതികൾ സ്തംഭിച്ചതിനെക്കുറിച്ച് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫാണെന്ന് കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. കോർപ്പറേറ്റ് വൽക്കരണ അജണ്ട നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കിഫ്ബി എന്ന് കേൾക്കുമ്പോൾ തന്നെ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയാണെന്നും അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്ത് നിലവിൽ 31,761 കോടി രൂപയുടെ കിഫ്ബി പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. തുടങ്ങിവെച്ച പദ്ധതികൾ പൂർത്തിയാക്കും.

25,000 കോടി രൂപയുടെ പദ്ധതികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. എന്നാൽ ബാക്കി പൂർത്തിയാക്കാനുള്ളവയ്ക്കുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്നതിൽ ഒരു ഊഹവുമില്ല. ഏറ്റെടുത്ത പദ്ധതികൾ മുഴുവൻ പൂർത്തിയാക്കാൻ 70,000 കോടി രൂപ വേണം. വരുമാനം ലഭിക്കുന്ന പദ്ധതികളൊന്നും കിഫ്ബിക്ക് കീഴിൽ നിലവിലില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.