Banner Ads

ട്രെയിനുകളിൽ രാത്രി ഇനി ഫോൺ ചാർജ് ചെയ്യാനാകില്ല: മൊബൈൽ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയിൽവേ

മുംബൈ : ട്രെയിൻ യാത്രകൾക്കിടയിലെ രാത്രികാല മൊബൈൽ ചാർജിങ്ങിന് നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം പൂർണമായും വിച്ഛേദിക്കാൻ റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും നിർദേശം നൽകി.

നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ട്രെയിനുകളിൽ മിന്നൽ പരിശോധന നടത്താനും നിർദേശമുണ്ട്. വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. 2014ൽ റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവാണ് നിലവിലെ സാഹചര്യത്തിൽ വീണ്ടും കർശനമായി നടപ്പാക്കാൻ സോണുകൾക്ക് കത്ത് നൽകിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച മുംബൈ – ഹൗറ മെയിലിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒഡീഷയിൽ വെച്ച് ട്രെയിനിലെ എസി കോച്ചിൽ പവർബാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും സുരക്ഷ വീഴ്ചയെ തുടർന്ന് നടപടി കടുപ്പിക്കുകയായിരുന്നു.