
കണ്ണൂർ : ചൊക്ലിയിൽ നിന്ന് ശിവസൂര്യയെ (17) കാണാതായ സംഭവത്തിൽ നിയമസഭയിൽ വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുട്ടി കാശിയിലേക്ക് പോയെന്ന സംശയത്തെ തുടർന്ന് പൊലീസ് സംഘം അവിടെയത്തി തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു.
ഓഗസ്റ്റ് 8നാണ് മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്റെ പേരില്‍ ശിവസൂര്യ വീട് വിട്ടത്. കാശിയിലേക്ക് പോകുന്നു അവിടെയെത്തി ദൈവത്തിൽ അലിയും എന്ന് എഴുതിയ കുറിപ്പ് വച്ചാണ് വീടുവിട്ടിറങ്ങിയത്. കേരളത്തിലുടനീളവും ബെംഗളൂരു, മൈസൂരു, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും തെരച്ചിൽ നടത്തിയ ശേഷം പൊലീസ് സംഘം വാരണാസി വരെ എത്തിയെങ്കിലും കുട്ടിയെക്കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല.
സിസിടിവി ദൃശ്യങ്ങളിലെവിടെയും ശിവസൂര്യയുടെ സാന്നിധ്യം പതിഞ്ഞിട്ടില്ല. കുട്ടിക്ക് ഒളിവിൽ കഴിയാൻ മറ്റാരുടെയെങ്കിലും സഹായം ലഭിക്കുന്നുണ്ടോ എന്ന സംശയം പൊലീസിനും ബന്ധുക്കൾക്കുമുണ്ട്. ചൊക്ലി പൊലീസും പ്രത്യേക അന്വേഷണ സംഘവും അന്വേഷിച്ചിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്ന് വീട്ടുകാരുടെ ആവശ്യപ്രകാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് കണ്ണൂർ യൂണിറ്റ് ഡിവൈഎസ്പി കെ സനിൽകുമാറിനാണ് നിലവിൽ അന്വേഷണ ചുമതല. മൊബൈൽ ഗെയിം കളിക്കുന്ന കുട്ടികൾ എന്ത് ചെയ്യുന്നു എന്ന് അറിയുന്നില്ല. മാതാപിതാക്കൾക്ക് വഴക്ക് പറയാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും ശിവസൂര്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു.