Banner Ads

സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? നിയമസഭയിൽ ആഭ്യന്തരവകുപ്പിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം : നെടുമ്പാശേരി കാറപകടത്തിൽ ആഭ്യന്തരമന്ത്രി സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെങ്കിലും പൊലീസിന്റെ സമീപനത്തിൽ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് പിണറായി വിജയൻ. പൊലീസിന്റെ മനോഭാവത്തിന്റെ ആവർത്തനമാണ് ചേരാനല്ലൂരിൽ കണ്ടതെന്നും അദ്ദേഹം നിയമസഭയിൽ കുറ്റപ്പെടുത്തി.

സമ്പന്നർക്കും സ്വാധീനമുള്ളവർക്കും ഒരു നീതിയും സാധാരണക്കാർക്ക് മറ്റൊരു നീതിയുമാണ് ഇവിടെ നടപ്പിലാകുന്നത്. ആഭ്യന്തരമന്ത്രിയുടെ വാക്കും നിർദേശങ്ങളും താഴെത്തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥർ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയാണോ എന്ന് അപകടത്തിൽ മരിച്ച ജയപാലകൃഷ്ണന്റെ മകൾക്ക് ചോദിക്കേണ്ടി വന്ന സാഹചര്യം അതീവ ഗൗരവതരമാണെന്ന് പിണറായി വിജയൻ പറഞ്ഞു. അച്ഛന്റെ ചിത അടങ്ങും മുൻപേ ആ കുട്ടിക്ക് ഈ ചോദ്യം ഉന്നയിക്കേണ്ടി വന്നത് പൊലീസിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും അത് രാജ്യത്തിന് തന്നെ അപമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം നീതികേടുകളോട് യോജിപ്പില്ലെന്ന് സർക്കാർ പറയുമ്പോഴും പ്രവൃത്തിയിൽ അത് കാണുന്നില്ലെന്നും വിഷയം സർക്കാർ ഗൗരവമായി കാണണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.