
കൊയിലാണ്ടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. കോഴിക്കോട് വടകര ബാങ്ക് റോഡിൽ അബ്ദുൾ റഫീക്കിന്റെ ജാമ്യമാണ് കൊയിലാണ്ടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി റദ്ദാക്കിയത്. കൊയിലാണ്ടി സിഐആർ പ്രശാന്ത് സമർപ്പിച്ച ഹർജിയെ തുടർന്നാണ് നടപടി.
നിലവിൽ പ്രതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പത്ത് മാസം മുമ്പാണ് അബ്ദുൾ റഫീഖിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചത്. അതിജീവിതയുടെ മാതാവിന്റെ സുഹൃത്തായ ഇയാൾ പെൺകുട്ടിയെ വീട്ടിൽ വെച്ച് ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും രണ്ട് വർഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കേസ്.
ജയിലിലായിരുന്ന പ്രതി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിനു മുന്നിലും പയ്യോളി പൊലീസ് സ്റ്റേഷനിലും പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്.