
തിരുവനന്തപുരം : ജില്ലയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഇന്ന് ഉയർത്തും. വൈകിട്ട് 4:00ന് പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തും. തുടർന്ന് വൈകിട്ട് 5:30ഓടെ അരുവിക്കര ഡാമിന്റെ ഷട്ടറുകളും തുറക്കും. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്.
ജലനിരപ്പ് സുരക്ഷിത പരിധിയായ 107.5 മീറ്ററിൽ ക്രമീകരിച്ചു നിർത്തുന്നതിനാണ് ഷട്ടറുകൾ ഉയർത്തുന്നതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അഞ്ജു കെ എസ് അറിയിച്ചു. ഡാമുകളുടെ സമീപപ്രദേശങ്ങളിൽ ഉള്ളവരും കരമനയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.