
കൊല്ലം : കുണ്ടറയിൽ സ്കൂട്ടർ യാത്രികയായ യുവതിയുടെ സ്വർണമാല പൊട്ടിച്ചു കടന്ന സംഘത്തെ കുണ്ടറ പൊലീസ് പിടികൂടി. പുളിമുക്ക് ഫാത്തിമ മൻസിലിൽ മാഹീൻ (26), ചെമ്മാമുക്ക് ജവഹർ ജംഗ്ഷൻ സജീർ മൻസിലിൽ താരിഹ് (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബർ 10നായിരുന്നു സംഭവം.
മാമ്പുഴ സ്വദേശിനി അർച്ചന സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കുണ്ടറ മുക്കട ധന്യ സൂപ്പർ മാർക്കറ്റിന് സമീപത്തുവെച്ചാണ് പ്രതികൾ മാല കവർന്നത്. അർച്ചനയെ ബൈക്കിൽ പിന്തുടർന്ന പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തെത്തിയതോടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത കുണ്ടറ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ മാഹീനും താരിഹും സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് അറിയിച്ചു. തൃശ്ശൂർ, ശക്തികുളങ്ങര, ചവറ, കണ്ണനല്ലൂർ തുടങ്ങിയ വിവിധ സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.