
കൊല്ലം : കൊല്ലം വാടിയിലെ വീട്ടിൽ നിന്ന് കള്ളനോട്ട് അച്ചടിക്കുന്ന സാമഗ്രികളും പണവും പിടികൂടിയ കേസിൽ അന്വേഷണം വിപുലമാക്കി പൊലീസ്. രണ്ടര കോടിയോളം രൂപയുടെ വ്യാജ 500 രൂപ നോട്ടുകൾ അച്ചടിക്കാനായിരുന്നു പ്രതികളുടെ നീക്കമെന്ന് പൊലീസ് കണ്ടെത്തി.
അറസ്റ്റിലായ കല്ലേലിവയൽ സ്വദേശി സിബിയോണിന് പുറമെ വൻ റാക്കറ്റ് തന്നെ ഇതിന് പിന്നിലുണ്ടെന്നാണ് നിഗമനം. കൊല്ലം സിറ്റി ഡാൻസാഫ് സംഘവും പള്ളിത്തോട്ടം പൊലീസും ചേർന്ന് തീരദേശ മേഖലയായ വാടിയിലെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.
പരിശോധനയിൽ ഹൈടെക് പ്രിന്റർ, 500 രൂപയുടെ ഡിസൈൻ പ്രിന്റ് ചെയ്ത് മുറിച്ച പേപ്പർ കെട്ടുകൾ, നോട്ട് എണ്ണുന്ന യന്ത്രം എന്നിവ പിടിച്ചെടുത്തു. സംഭവസ്ഥലത്തുനിന്നും 45 പവനോളം വരുന്ന സ്വർണാഭരണങ്ങളും 4.32 ലക്ഷം രൂപയുടെ അസൽ നോട്ടുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് സിബിയോണിനെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ സ്റ്റേഷനിൽ നേരിട്ടെത്തി ഹാജരാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് കള്ളനോട്ട് അച്ചടി കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.