Banner Ads

മഴ പെയ്താലും ആവേശം കുറയില്ല: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് കോഴിക്കോട് തുടക്കം

കോഴിക്കോട് : 68-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് ഇന്ന് കോഴിക്കോട് തിരിതെളിയും. വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നത് സംഘാടകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും മേളയുടെ ഉദ്ഘാടനച്ചടങ്ങുകൾ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.

വൈകീട്ട് നാലിന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. സ്വർണക്കപ്പ് ഘോഷയാത്രയും ദീപശിഖാ പ്രയാണവും ബീച്ചിൽ സംഗമിക്കും. കായിക മത്സരങ്ങൾ നാളെ മുതലാണ് ആരംഭിക്കുന്നത്. മഴ കാരണം തടസ്സമുണ്ടായാൽ ഉച്ചഭക്ഷണ ഇടവേള വെട്ടിച്ചുരുക്കി മത്സരസമയം പുനഃക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു.

കായികമേളയിൽ പ്രായത്തട്ടിപ്പും മരുന്നടിയും തടയാൻ കർശന പരിശോധന ഏർപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉയർന്നാൽ കുട്ടികളുടെ ബോൺ ടെസ്റ്റ് ഉൾപ്പെടെ നടത്തി നടപടിയെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു