Banner Ads

വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കാം; സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് കടിഞ്ഞാണിട്ട് ബാലാവകാശ കമ്മീഷന്റെ സുപ്രധാന നിർദ്ദേശങ്ങൾ

തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അച്ചടക്കം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ സംബന്ധിച്ച് കർശന നിർദ്ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പരാതികൾ പരിഗണിച്ചാണ് കമ്മീഷൻ പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. ലഹരിവസ്തുക്കൾ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമായ സാധനങ്ങൾ വിദ്യാർഥികളുടെ കൈവശമില്ലെന്ന് ഉറപ്പാക്കാൻ സ്കൂളുകളിൽ ബാഗുകൾ പരിശോധിക്കാമെന്ന് കമ്മീഷൻ വ്യക്തമാക്കി.

എന്നാൽ, വിദ്യാർഥികളുടെ അന്തസ്സിനും അഭിമാനത്തിനും ഒരു കോട്ടവും തട്ടാത്ത രീതിയിലായിരിക്കണം ഈ പരിശോധനകൾ നടത്തേണ്ടത്.സ്കൂൾ സമയത്ത് വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമായി കാണണം. ക്ലാസ് സമയങ്ങളിൽ പൂർണ്ണമായും ഫോൺ ഉപയോഗം തടയുന്നതിനായി, സ്കൂൾ സമയം അവസാനിക്കുന്നത് വരെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള സൗകര്യം സ്കൂൾ അധികൃതർ ഒരുക്കണം.അച്ചടക്കത്തിന്റെ പേരിൽ കുട്ടികളെ പരസ്യമായി അപമാനിക്കുകയോ, മാനസികമായി പീഡിപ്പിക്കുകയോ, ക്ലാസിൽ നിന്ന് പുറത്താക്കുകയോ ചെയ്യരുത്.

ഹെയർ സ്റ്റൈൽ, യൂണിഫോം തുടങ്ങിയ കാര്യങ്ങളിൽ സ്കൂളുകൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകാം.സ്കൂൾ ക്യാമ്പസുകളിൽ വിദ്യാർഥികൾക്കായി വൃത്തിയുള്ള ശൗചാലയങ്ങൾ ഉറപ്പാക്കാനുള്ള നടപടികളും സ്കൂൾ അധികൃതർ സ്വീകരിക്കണം.
ബാലാവകാശ കമ്മീഷന്റെ ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കിയത് സംബന്ധിച്ച റിപ്പോർട്ട് 60 ദിവസത്തിനകം സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.