
കോഴിക്കോട് : ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്ന യാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം തുടർക്കഥയാകുന്നു. രാത്രിയിൽ ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ യുവതിയെ കിലോമീറ്ററുകൾ അപ്പുറം ആറുവരിപ്പാതയിൽ ഇറക്കിവിട്ടതായി പരാതി.
കണ്ണൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസിലെ ജീവനക്കാർക്കെതിരെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് മടങ്ങവേയാണ് യുവതിക്ക് ഈ ദുരനുഭവമുണ്ടായത്. ബസ് നിശ്ചിത സ്റ്റോപ്പിൽ എത്തിയപ്പോൾ നിർത്താൻ ആവശ്യപ്പെട്ടിട്ടും ജീവനക്കാർ തയ്യാറായില്ല.
തുടർന്ന് കിലോമീറ്ററുകൾ മുന്നോട്ട് പോയ ശേഷം യുവതിയെ ആറുവരിപ്പാതയുടെ നടുവിൽ ഇറക്കിവിടുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ബസുകൾ നിർബന്ധമായും സർവീസ് റോഡ് വഴി സഞ്ചരിക്കണമെന്നും ആറുവരിപ്പാതയുടെ നടുവിൽ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ലെന്നും മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദേശമുണ്ട്.
ഇത് ലംഘിച്ചാണ് ജീവനക്കാരുടെ നടപടി. കഴിഞ്ഞ മാസവും ഇതേ പ്രദേശത്ത് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ആറുവരിപ്പാതയിൽ ഇറക്കിവിട്ട മറ്റൊരു യുവതിയെ നാട്ടുകാർ ഏണി ഉപയോഗിച്ചാണ് സർവീസ് റോഡിലേക്ക് താഴെയിറക്കിയത്.