Banner Ads

മുംബൈ മേയറുടെ ഓഫീസിനും അമിതാഭ് ബച്ചന്റെ വസതിക്കും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്

മുംബൈ : മുംബൈ മേയർ ഋതു താവ്ഡെയുടെ ഓഫീസിലേക്കും ബോളി​വുഡ് താരം അമിതാഭ് ബച്ചന്റെ വസതി ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിലേക്കും ബോംബ് ആക്രമണ ഭീഷണി. വെള്ളിയാഴ്ച രാവിലെ മേയറുടെ ഓഫീസിലേക്ക് ലഭിച്ച ഇ-മെയിൽ സന്ദേശത്തിലൂടെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്.

അമിതാഭ് ബച്ചന്റെ വസതി, നഗരത്തിലെ പ്രമുഖ സ്കൂളുകൾ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തുമെന്നും സ്കൂളുകൾക്ക് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടാകുമെന്നുമാണ് ഇ-മെയിലിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഖലിസ്ഥാൻ നാഷണൽ ആർമി എന്ന സംഘടനയുടെ പേരിലാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്.

സന്ദേശം ലഭിച്ചയുടൻ മുംബൈ പോലീസും സുരക്ഷാ ഏജൻസികളും ജാഗ്രതാ നിർദേശം നൽകി പരിശോധന ആരംഭിച്ചു. ബോംബ് ഡിസ്പോസൽ സ്ക്വാഡും ഡോഗ് സ്ക്വാഡും ഭീഷണി സന്ദേശത്തിൽ പരാമർശിച്ച സ്ഥലങ്ങളിൽ വിശദമായ തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല.

അമിതാഭ് ബച്ചന്റെ വസതിക്കും മേയറുടെ ഓഫീസിനും സ്കൂളുകൾക്കും പോലീസ് സുരക്ഷ വർധിപ്പിച്ചു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ സൈബർ സെൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.